Monday, 6 March 2017

മികവിന്റെ ജനകീയ ഇടപെടൽ 
കൊടവിളാകം മാതൃക'
 ബി.ആർ.സി തല ബാലോത്സവത്തിന്റെ  കേന്ദ്രം സന്ദർശിക്കാനാണ് ഞാനും  സഹപ്രവർത്തകനായ വിശ്വനാഥൻ സാറുമായി മാർച്ച് 6 ന് കൊടവിളാകം എൽ പി എസിലേക്ക് പോയത്. ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായി ബിആർസി പരിധിയിലെ ഒരു സ്കൂൾ ആദ്യമായാണ് സന്ദർശിക്കുന്നത്. യാത്രാമധ്യേ  സ്കൂൾ വിശേഷങ്ങൾ സാറിനോട് ചോദിച്ചു കൊണ്ടേയിരുന്നു. ആ വിദ്യാലയവുമായി ആകെയുള്ള പരിചയം ഒരു വിദ്യാഭ്യാസ സെമിനാറിൽ പങ്കെടുക്കാൻ അഞ്ച് വർഷം മുമ്പ് അവിടെ പോയിരുന്നുവെന്നതാണ്.പിന്നെ ഇപ്പോഴത്തെ പ്രഥമാധ്യാപിക ശ്രീമതി .രാജേശ്വരി വിഴിഞ്ഞം തെരുവ് സർക്കാർ എൽ പി.എസിലെ മികച്ച അധ്യാപികയായിരുന്നു. അധ്യാപകനായ ബിജു സാറാകട്ടെ മിടുക്കനായ സംഘാടകനും അധ്യാപകനും. ഒരു പക്ഷെ ,വിദ്യാലയം തന്റെ രണ്ടാം വീടെന്ന സത്യം അക്ഷരാർത്ഥത്തിൽ പാലിക്കുന്നയാൾ .സ്കൂൾ ഗേറ്റ് കടന്ന് ഇരുചക്രവാഹനം ഒതുക്കി  വെച്ചയുടനെ  ക്ലാസിൽ പഠിപ്പിച്ചു കൊണ്ട് നിന്ന ഹെഡ്മിസ്ട്രസ് പുസ്തകം കൈയിൽ പിടിച്ച് ഞങ്ങളെ അഭിവാദ്യം ചെയ്യാനിറങ്ങി വന്നു .ടീച്ചറെ ക്ലാസിലേക്ക് പറഞ്ഞയച്ച് ഞാനും വിശ്വനാഥൻ സാറും പള്ളിക്കൂടം കാണാനിറങ്ങി. ഏതാണ്ട് 60 സെന്റിൽ  സ്ക്കൂൾ വളപ്പിന്റെ ഒരു കോണിലെ കാട്ടിനുള്ളിൽ കയറി. യഥാർത്ഥത്തിൽ അതൊരു പഴത്തോട്ടം ആയിരുന്നു. ചക്കയും പേരയ്ക്കയും മാങ്ങയും ആനപുളിഞ്ചിക്കയും  മാങ്ങയും മൾബെറിയും   ജാമ്പയ്ക്കയും  ആത്തിച്ചക്കയും. അങ്ങനെ എന്തെല്ലാം പഴവർഗ്ഗ ച്ചെടികൾ.കരിമ്പനയും അശോകവും പതിമുഖവും ഉൾപ്പെടെയുള്ള മരങ്ങൾ വേറെ .ഒന്നരപ്പതിറ്റാണ്ട് ഇവിടെ ജോലി ചെയ്തിരുന്ന  ഏതോ നല്ല മനസ്സുള്ള അധ്യാപകരുടെ ഇടപെടലിന്റെ ഫലമാണിത്. വിപുലമായ ജനകീയ ഇടപെടലിന്റെ ഭാഗമായി ഈ അധ്യയന വർഷം നിരവധി പ്രവർത്തനങ്ങളാണ്  നടന്നത് .കർഷകൻ പള്ളിക്കൂടത്തിലെത്തി കുട്ടികളോട് സംവദിച്ചതും വിളവെടുത്തതും നാടിന് ആഘോഷമായ സ്കൂൾ വാർഷികവും നവകേരള മിഷന്റെ ഭാഗമായി സമ്പൂർണ പ്ലാസ്റ്റിക് വിമുക്ത വിദ്യാലയമൊരുക്കൽ തുടങ്ങി എല്ലാം ശ്രദ്ധേയം തന്നെ. അറിയേണ്ടതെല്ലാം പങ്കുവെയ്ക്കുന്ന ഇംഗ്ലീഷ് ഭാഷാ അസംബ്ലിയെക്കുറിച്ച് കേട്ടറിഞ്ഞപ്പോൾ  എന്നെങ്കിലും ഒരു ദിവസം സാന്നിധ്യമാകണമെന്ന് ആഗ്രഹിച്ചു പോയി.  വൈകിട്ട് 3.30 കഴിഞ്ഞതോടെ രക്ഷിതാക്കളെത്തി തുടങ്ങി... കുട്ടികളെ കൂട്ടാൻ.പ്രഭാത ഭക്ഷണ ത്തിനുൾപ്പെടെ പഞ്ചായത്ത് സഹായം നൽകുന്നുണ്ട്. വിദ്യാലയം വിട്ടിറങ്ങിയപ്പോൾ ഒന്നുറപ്പിച്ചു. വിദ്യാലയം പെയിന്റ് ചെയ്ത് മോടി കൂട്ടാൻ പണം  നൽകാൻ കഴിയുമോയെന്ന് അടുത്ത പി ഇ സി യോഗത്തിൽ പ്രസിഡന്റിനോട് സാധ്യത തേടണം. സ്ക്കൂൾ ചിത്ര ശേഖരത്തിലെ  ചിത്രങ്ങൾ ഇതോടൊപ്പം വായനക്കാർക്കായി പ്രസിദ്ധീകരിക്കുന്നു. 

 വിളവെടുപ്പുത്സവം ... സ്കൂൾ ചിത്ര ശേഖരത്തിൽ നിന്ന്

No comments:

Post a Comment